Sunday, August 14, 2011

പ്രേമലേഖനം

പ്രിയപ്പെട്ടവളെ നിനക്കോര്‍മ്മയുണ്ടോ എന്തോ.......
രാധാകൃഷ്ണാ എനിക്ക് ചുണ്ണാമ്പും നിലാവും മാറിപോകുന്നു.മഹാകവി പി.യുടെ ഓര്‍മ്മകള്‍ പൊടിതട്ടി താലോലിക്കുന്ന ബാലന്റെ (ചുള്ളിക്കാട്) ചിദംബരങ്ങളില്‍ പിടിക്കുന്ന കാറ്റ് നിന്നെ ഒന്ന് ഉലച്ചു.മഹാകാശങ്ങള്‍ക്കു കീഴേ നിലാവുണ്ടു നടന്ന പ്രണയ പരവശനായ പിയെ നീ കുറ്റപ്പെടുത്തി.പ്രണയം ആത്മാവിന്റെ ഭക്ഷണമാണ് അനാദിയായ തെളിമയാര്‍ന്ന സംഗീതം പോലെ ഹൃദ്യം.കടലിരമ്പങ്ങളെ തന്റെ വിരല്‍ തുമ്പിലേക്കാവാഹിച്ച് പ്രണയ ഹര്‍ഷം പൊഴിക്കുന്ന സക്കീര്‍ ഹുസൈന്‍ നിനക്ക് പഥ്യം.ഇളം കാറ്റില്‍ കായല്‍ പരപ്പില്‍ തെന്നി നീങ്ങുന്ന ഹൌസ് ബോട്ടില്‍ സിരകളില്‍ ചൂട് പകര്‍ന്ന് ഉമ്പായ് കായലോളങ്ങളില്‍ നിന്ന് ചന്ദ്രികയൂറ്റി നിനക്കു തരുമ്പോള്‍ നീ നിലാവിന്റെ തരുണി.തിരുവനന്തപുരം ഫെസ്റിവലില്‍ കിംക്കി ഡുക്കിന്റെ ബൊ കണ്ട് പുറത്തിറങ്ങിയ ഉടന്‍ നീ ചോദിച്ചു ആ പെണ്‍കുട്ടി മൂത്രമൊഴിക്കുന്നതൊക്കെ എന്തിനാ സിനിമയില്‍ കാണിക്കുന്നതെന്ന് .അന്ന് എനിക്കു നിന്നെ കൊന്നു കളഞ്ഞാലോന്ന് തോന്നി.മൂത്രമൊഴി ക്കുമ്പോള്‍ അവളുടെ മുഖം പറയുന്ന സന്തോഷം നീയും കണ്ടതല്ലേ.എന്റെ ചുംബനങ്ങള്‍ കൊണ്ട് ചുവന്നു പോയ നിന്റെ കവിളുകള്‍ ശരിക്കും അതുള്‍കൊണ്ട് തുടുത്തു.സ്വാതിതിരുന്നാള്‍ ഭാര്യ നാരായണിയുമൊത്ത് യാത്ര ചെയ്യവെ പച്ചപ്പുവിരിച്ച പാടത്തിനരികെ ജഡ്ക നിര്‍ത്തി ഇറങ്ങി.ഇമ്പമാര്‍ന്ന സ്വരത്തില്‍ ഇങ്ങനെ പറഞ്ഞു.. ഹാ എന്തു മനോഹരം അല്ലെ.. ങ്ഹും..ഈ പുല്ലോ.. വെടിപ്പാക്കിയെടുത്താ..ഇരിപ്പൂ കൃഷിക്കു കൊള്ളാം...നിന്നെ പോലെ നാരായണി ഒരു വിപ്ളവകാരിയായിട്ടൊന്നുമല്ല അങ്ങനെ പ്രതികരിച്ചത് .പറഞ്ഞും പകര്‍ന്നും കേട്ടും കൊടുത്തും ഉള്ളുരുക്കങ്ങള്‍ അലിഞ്ഞലിഞ്ഞ് തീരുമ്പോള്‍ അവിടെ നനവുതിരും.....മഴകൊണ്ടുമാത്രം മുളക്കുന്ന വിത്തുകള്‍ പലതുണ്ട് മണ്ണിന്‍ മനസ്സില്‍...റഫീഖ് അഹമ്മദ് ചുരന്നെടുത്ത വാക്കുകളുടെ ഹൃദയമൂല്ല്യം ഇന്നു നിന്റെ തരളമായ നെഞ്ചിലെ കനപ്പിനെ തൂവല്‍ സമമാക്കി.പുഴയും പൂക്കളും കണ്ണീരും കിനാവും ഒക്കെ ഉപേക്ഷിച്ച് നീ പോയപ്പോള്‍ അക്കരകുന്നിലെ ചോലനായ്ക്കരുടെ കുടിലില്‍ അഗ്നി വെന്ത നാടന്‍ കുടിച്ചു കുടിച്ചു ഞാന്‍ മരിച്ചു പോകുമെന്നുതോന്നി.നഗര മാലിന്യങ്ങളുടെ തീരാത്ത സൂക്ഷിപ്പു പാത്രത്തില്‍ ഇനിയും അന്തമില്ലാത്ത ചിന്തകള്‍ വന്നു നിറയുന്നു.പ്രണയത്തിന്റെ ഒരില ഇപ്പോഴും വാടാതെ നില്‍ക്കുന്നു.നാഡിഞരമ്പുകളിലൂടെ നിന്റെ നിശ്വാസം കൊണ്ട് നെടുവീര്‍പ്പുകളുതിര്‍ത്ത് മണ്ണിന്റെ ധൈര്യത്തിലേക്കിറങ്ങണം..തെഴുക്കണം പൂക്കണം.. കായ്കള്‍.. പറിക്കണം.. അതിന് നീയെന്റെ പ്രാണനാവുക..രാവേറെയായി...പഴയ ഡയറികുറിപ്പില്‍..നിന്നെ ആദ്യമായ് ചുംബിച്ചത് ഓര്‍ത്തിട്ടിരുന്നു..പഴകിദ്രവിച്ച ആ കടലാസ് തുണ്ടിന്...ഇന്നും നിന്റെ ഗന്ധം...എന്നെ ഉണര്‍ത്തിയ ആ ഗന്ധം....

സ്വന്തം
ഗന്ധമാദനന്‍.

No comments:

Post a Comment