Saturday, February 11, 2012

ഹരിതകം

ഹരിതകം
താപമുറങ്ങിതുടങ്ങിയ വെയില്‍ ചിറകേറിയാണ്
നിഴലാന വന്നത്
വിത്തുമുളച്ച ആര്‍ദ്രതയിലേക്കാണവന്‍
തുമ്പിനീട്ടിയത്
ഒറ്റുകാരനായ് ഒളിപോരാളിയായ്
കൂടെ നടന്ന് സ്നേഹിച്ചു
ഉള്‍കനവിന്റെ ആഴത്തടങ്ങളില്‍ നിന്ന്
ഒരാവിയായ് വന്ന് തൊട്ടു
കനിവ് മറന്ന് ഘനപാളികള്‍ കടന്ന്
സംഹാരരൂപം കൊണ്ടു
വാടിവീഴാന്‍ വെമ്പിയ ചെമ്പകപൂവിന്റെ
തളര്‍ന്ന കണ്ണിലേയ്ക്ക്
നാലുതുമ്പികണ്ണുകള്‍ ജലാര്‍ദ്രമായ്
കൂമ്പിയടയുമ്പോള്‍
കൌതുകം പങ്കുവെക്കാന്‍ കയറിവന്ന കാറ്റ്
മൌനത്തിന് കാതോര്‍ത്തു
നാഴികമണി മുഴങ്ങിയൊടുങ്ങുമ്പോള്‍
ഭാരകുറവിന്റെ തണുപ്പ്
നിലാവ് വിരുന്നു വന്ന രാത്രിയ്ക്ക്
ഉല്‍സാഹത്തിന്റെ ഗന്ധം
പൂക്കള്‍ തുന്നിയ പട്ടുതൂവാലയില്‍
ഒപ്പിയെടുത്ത കണ്ണീരിന്
ആഹ്ളാദത്തിന്റെ രുചിയായിരുന്നു
ഹരിതകം ചൂടിയ പൂമരത്തില്‍
വണ്ടുകളുടെ ഉന്മാദനൃത്തം.

രഘുനാഥ്

No comments:

Post a Comment